ഗ്ലാസ്ഗോ: ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ചനംബം ഋഷികാന്ത സിങ്. പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്താണ് താരം വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ആകെ 264 കിലോഗ്രാം ഉയര്‍ത്തിയ ഋഷികാന്ത ഇന്ത്യക്കായി ഈ കായിക മാമാങ്കത്തിലെ രണ്ടാമത്തെ മെഡലാണ് നേടിക്കൊടുത്തത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച ആധിപത്യം പുലര്‍ത്തിയ താരം, സ്നാച്ചില്‍ 121 കിലോഗ്രാം ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് കുറിച്ചു. സ്നാച്ചില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിന്‍ കാസ്ദാനും 121 കിലോ ഉയര്‍ത്തി ഒപ്പത്തിനൊപ്പം നിന്നു. തുടര്‍ന്ന് നടന്ന ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 143 കിലോഗ്രാം ഉയര്‍ത്തിയ ഋഷികാന്ത ആകെ 264 കിലോഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 148 കിലോയും അവസാന ശ്രമത്തില്‍ 151 കിലോയും ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വര്‍ണം കൈവിട്ടു. 273 കിലോഗ്രാം ഉയര്‍ത്തിയ മലേഷ്യയുടെ അനീഖ് സ്വര്‍ണം നേടിയപ്പോള്‍, 260 കിലോഗ്രാമുമായി കെനിയയുടെ ജോഷ്വ അമുങ്ഗ എംബോയ വെങ്കലം സ്വന്തമാക്കി.
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ ഋഷികാന്ത ഇന്ത്യന്‍ സൈന്യത്തിന്റെ കായിക പരിശീലന പദ്ധതിയിലൂടെയാണ് വളര്‍ന്നുവന്നത്. 2025-ല്‍ അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് താരം ഈ ഗെയിംസിന് യോഗ്യത ഉറപ്പിച്ചത്. നേരത്തെ 55 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന താരം, ഭാരവിഭാഗങ്ങളിലെ മാറ്റത്തിന് ശേഷമാണ് 60 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള ഋഷികാന്തയുടെ ഈ നേട്ടം ഇന്ത്യന്‍ ഭാരോദ്വഹന രംഗത്തെ വലിയ പ്രതീക്ഷയായി വിലയിരുത്തപ്പെടുന്നു.