ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ്ബ് ചരിത്രമെഴുതി. 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗണ്ണേഴ്സ് വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിലെ രാജാക്കന്മാരായിരിക്കുകയാണ്. നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ബോൺമൗത്ത് സമനിലയിൽ തളച്ചതോടെയാണ് ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം ഉറപ്പായത്. ഒരു മത്സരം ബാക്കിനിൽക്കെയാണ് ആഴ്സണലിന്റെ ഈ ചരിത്ര നേട്ടം.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ബോൺമൗത്തിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ 39-ാം മിനിറ്റിൽ തന്നെ ബോൺമൗത്ത് ലീഡ് നേടിയിരുന്നു. പിന്നീട് കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിലാണ് സിറ്റി സമനില ഗോൾ കണ്ടെത്തിയത്. സൂപ്പർ താരം എർലിംഗ് ഹാലണ്ടാണ് സിറ്റിക്കായി വലകുലുക്കിയത്. ഈ സമനിലയോടെ സിറ്റിയുടെ കിരീട സാധ്യതകൾ പൂർണ്ണമായും അവസാനിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ സമനിലയോടെ പോയിന്റ് പട്ടികയിൽ ആഴ്സണൽ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി. നിലവിൽ 82 പോയിന്റോടെ ആഴ്സണൽ ഒന്നാം സ്ഥാനത്തും, 78 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും റണ്ണേഴ്സ് അപ്പായി ഒതുങ്ങേണ്ടി വന്നതിന്റെ സങ്കടം തീർത്താണ് ഇത്തവണ ആഴ്സണൽ കിരീടം ഉയർത്തുന്നത്.