വാഷിംഗ്ടൺ: ലോകത്തെ പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കാൻ സാധ്യതയുള്ള ഈ വിവരം ട്രംപ് പങ്കുവെച്ചത്. ചൈന ഇറാനുമായി ആയുധ ഇടപാടുകൾ നടത്തില്ലെന്ന് അമേരിക്കയ്ക്ക് ഉറപ്പുനൽകിയതായും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഈ നീക്കത്തിൽ ചൈന വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയ്ക്കും ലോകം മുഴുവനായും ഗുണകരമാകാനാണ് താൻ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ഏതാനും ആഴ്ചകൾക്കുള്ളിൽ താൻ ചൈന സന്ദർശിക്കുമെന്നും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് ഊഷ്മളമായ സ്വീകരണം നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ചില രാഷ്ട്രീയ വശങ്ങളും വാർത്തകളിൽ നിറയുന്നുണ്ട്. ചൈന ഇറാനിലേക്ക് എയർ ഡിഫൻസ് സിസ്റ്റങ്ങൾ നൽകാൻ ഒരുങ്ങുന്നതായി സി.എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സൈനിക സഹായവും ഇറാനു നൽകുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഹോർമുസിലെ അമേരിക്കൻ ഉപരോധം തുടർന്നാൽ ചെങ്കടൽ, പേർഷ്യൻ ഗൾഫ്, ഒമാൻ കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതം തടയുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഐ.ആർ.ജി.സി വിമർശിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള ഈ പുതിയ ധാരണകൾ ഇറാനുമായുള്ള ബന്ധത്തിലും അന്താരാഷ്ട്ര എണ്ണ വിപണിയിലും എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.