ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാനന്റെ മാത്രം സ്വത്തല്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തുറന്നുതന്നെയിരിക്കണമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ ഇറാനന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും യുഎഇ അറിയിച്ചു.
ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുന്നതിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കിടെയാണ് യുഎഇയുടെ ഈ പ്രസ്താവന. ഇറാനുമായുള്ള മേഖലയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചും സമീപകാലത്ത് നടന്ന ആക്രമണങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി വിലയിരുത്തൽ നടത്തിയിരുന്നു.
അതേസമയം, നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥ ചർച്ചകളിൽ വിട്ടുവീഴ്ചാ മനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. കടൽ പാതകളെ ഒരു വിലപേശൽ ഉപകരണമായി ഉപയോഗിക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. എന്നാൽ, ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് കാരണം അമേരിക്കയുടെ അന്യായമായ ആവശ്യങ്ങളും ഉപരോധങ്ങളുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി. ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലുമാണ് നിലവിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വിവരം യുഎസ് സെൻട്രൽ കമാൻഡും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ യുഎസ് യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നതും ഇറാന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ സമുദ്രപരിധിയിൽ നിന്ന് വിദേശ ശക്തികൾ പിന്മാറണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.