ഹോർമുസ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അമേരിക്കയുടെ പുതിയ നീക്കങ്ങൾ പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില 7% വർദ്ധിച്ച് ബാരലിന് 102 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 104 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വിപണിയിലെ അനിശ്ചിതത്വം മൂലം നിക്ഷേപകർ സുരക്ഷിത താവളങ്ങൾ തേടിയതോടെ സ്വർണ്ണവിലയും ഉയർന്നു. ഔൺസിന് 4,720 ഡോളറിലാണ് നിലവിൽ വ്യാപാരം. ഏഷ്യൻ വിപണികളായ നിക്കെയ് (0.60%), ഹാങ് സെങ് (1.15%) എന്നിവ ഉൾപ്പെടെ മിക്ക സൂചികകളും നഷ്ടത്തിലാണ്. ഇന്ത്യൻ വിപണിയിലും കനത്ത ഇടിവോടെ വ്യാപാരം തുടങ്ങാനാണ് സാധ്യതയെന്ന് ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിക്കുന്നു.
അമേരിക്കയുടെ ഉപരോധ നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. എണ്ണവില വർദ്ധനവ് അമേരിക്കക്കാരെ ബാധിക്കുമെന്നും മേഖലയിലെ അമേരിക്കൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നീട്ടിയേക്കാമെന്നും സൂചനയുണ്ട്. ഉപരോധം നടപ്പിലായാൽ അന്താരാഷ്ട്ര വിപണിയിൽ പ്രതിദിനം 1.5 മുതൽ 1.7 ദശലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിലിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 08:30-ന് ശേഷം ഹോർമുസിലൂടെയുള്ള കപ്പലുകൾ പരിശോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ വരും മണിക്കൂറുകൾ വിപണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, അദാനി ഗ്രീൻ എനർജി, സ്വിഗ്ഗി, ജി.ഐ.സി, ഫാർമ മേഖലയിലെ ടോറന്റ് ഫാർമ, ലുപിൻ, ആസ്ട്രാസെനക തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട വാർത്തകളും ശ്രദ്ധേയമാണ്.