കൊച്ചി: വിഷു ദിനത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധന. ആഘോഷങ്ങളുടെ പൊലിമ കുറച്ച്, സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരെ ഞെട്ടിച്ചുകൊണ്ട് ഒരു പവന് 1,040 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിലവിലെ വിപണി നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയുമാണ് ഇന്നത്തെ വില. ജി.എസ്.ടി, പണിക്കൂലി എന്നിവ ഉൾപ്പെടെ ആഭരണമായി വാങ്ങുമ്പോൾ ഒരു പവന് ഏകദേശം 1,15,000 രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും വിലവർധനവിന് പിന്നിലെ പ്രധാന കാരണം. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞത് വില ഉയരാൻ പ്രധാന കാരണമായി. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറോളം ഉയർന്ന് 4,800 ഡോളറിന് മുകളിലെത്തി. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണത്തിന് സ്വീകാര്യത വർദ്ധിപ്പിച്ചു. വെടിനിർത്തൽ കരാറുകൾ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനകളും സ്വർണവിപണിയെ സ്വാധീനിച്ചു.
വിഷുവിന് പുറമെ അക്ഷയതൃതീയയും വിവാഹ സീസണും മുന്നിലെത്തി നിൽക്കെ സ്വർണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതമാണുണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ പ്രകടമായിരുന്നെങ്കിലും, ഒരിടവേളയ്ക്ക് ശേഷം വില കുത്തനെ ഉയർന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.