ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണ് ബിൽ പരാജയപ്പെടാൻ കാരണമെന്നും, ഇത് രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങൾ തകർത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ, എസ്.പി തുടങ്ങിയ പാർട്ടികൾ സ്ത്രീ വിരുദ്ധ മനോഭാവമാണ് പുലർത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾ മുന്നോട്ട് വന്നാൽ കുടുംബവാഴ്ചാ പാർട്ടികളുടെ നേതൃത്വം തകരുമെന്ന ഭയം കാരണമാണ് അവർ ബില്ലിനെ എതിർത്തത്. ബിൽ സഭയിൽ പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കൈയടിച്ച് ആഘോഷിച്ചത് സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന നടപടിയാണെന്നും, നാരീശക്തിയെ അവർ നിസ്സാരമായി കാണുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മണ്ഡല പുനർനിർണ്ണയം ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പറഞ്ഞ് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും, ബ്രിട്ടീഷുകാരിൽ നിന്നാണ് കോൺഗ്രസ് ഇത്തരത്തിലുള്ള രാഷ്ട്രീയം പഠിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.