ന്യൂയോർക്ക്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. 55 അംഗരാജ്യങ്ങളുള്ള യുവേഫ കടുത്ത എതിർപ്പ് അറിയിച്ചതിന് പിന്നാലെ, വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫും ഈ പദ്ധതിയെ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
അമേരിക്ക, മെക്സിക്കോ, കാനഡ ഉൾപ്പെടെ 41 അംഗരാജ്യങ്ങളുള്ള കോൺകാകാഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഫിഫയുടെ നിർദ്ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. 2026 ലോകകപ്പിന്റെ സംയുക്ത ആതിഥേയരായ മൂന്ന് രാജ്യങ്ങളും ഫിഫയുടെ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പ് ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയൊരു കമ്പനി രൂപീകരിക്കാനും, അതിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുമാണ് ഫിഫ പദ്ധതിയിടുന്നത്. ഈ പദ്ധതിക്ക് അംഗീകാരം നൽകിയാൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന് ഇൻഫാന്റിനോ വാഗ്ദാനം നൽകിയിരുന്നു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇതുസംബന്ധിച്ച നിലപാട് അറിയിക്കണമെന്നും ഫിഫ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ, ഈ നീക്കം ഫുട്ബോളിന്റെ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ സുതാര്യതയ്ക്കും വലിയ തിരിച്ചടിയാകുമെന്നാണ് ഫുട്ബോൾ സംഘടനകളുടെ പ്രധാന ആശങ്ക. നേരത്തെ തന്നെ യുവേഫ പദ്ധതിക്കെതിരെ രംഗത്തെത്തുകയും, ആവശ്യം വന്നാൽ ഭാവിയിലെ ഫിഫ ടൂർണമെന്റുകൾ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. നിലവിൽ കോൺകാകാഫും എതിർപ്പ് പ്രഖ്യാപിച്ചതോടെ ഇൻഫാന്റിനോയുടെ വിവാദ പദ്ധതി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 211 അംഗരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ഫിഫയുടെ ശ്രമത്തിന് മുന്നിൽ ശക്തമായ പ്രതിരോധമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.