ന്യൂഡൽഹി: ലോകത്ത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അത്യാധുനിക മിസൈൽ ഈ വർഷം ഇന്ത്യ പുറത്തിറക്കുമെന്ന് സൂചന. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒയുടെ (DRDO) മിസൈൽ ആൻഡ് സ്ട്രാറ്റജിക് സിസ്റ്റംസ് വിഭാഗം മുൻ മേധാവി യു. രാജാബാബുവാണ് നിർണായകമായ ഈ വിവരം പങ്കുവെച്ചത്. പുതിയ മിസൈലിന്റെ പേര്, ദൂരപരിധി, വേഗത, വിക്ഷേപണ പ്ലാറ്റ്ഫോം എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങൾക്കും ആധുനിക വെല്ലുവിളികൾക്കും അനുയോജ്യമായ അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയതായിരിക്കും ഈ മിസൈൽ എന്നാണ് വിലയിരുത്തൽ. ജിപിഎസ് ജാമിങ്, വ്യാജ സിഗ്നലുകൾ, മൊബൈൽ റഡാറുകൾ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ അതിജീവിച്ച്, സഞ്ചാരമധ്യേ ലക്ഷ്യസ്ഥാനം തിരുത്താനുള്ള ശേഷി ഇതിനുണ്ടായിരിക്കും. വിവിധ സെൻസറുകൾ, ഉപഗ്രഹങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ സ്വീകരിച്ച് യഥാർത്ഥ ലക്ഷ്യം സ്വയം കണ്ടെത്തി ആക്രമിക്കാൻ ശേഷിയുള്ള പുതിയ തലമുറ മിസൈലാണ് ഇന്ത്യ വികസിപ്പിക്കുന്നത്.
ഇന്ത്യ ഈ വർഷം അവതരിപ്പിക്കാനിടയുള്ളത് ഹൈപ്പർസോണിക് ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് മിസൈൽ ആയിരിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. മാക് 10 വേഗതയും ഏകദേശം 1,500 കിലോമീറ്റർ ദൂരപരിധിയുമുള്ള ഈ മിസൈൽ, സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകളെ കൃത്യമായി ലക്ഷ്യം കാണാൻ സഹായിക്കുന്നതാണ്. അതിവേഗം, കുറഞ്ഞ പ്രതികരണ സമയം, ജാമിങ്ങിനെ അതിജീവിക്കുന്ന ഗൈഡൻസ് സംവിധാനം എന്നിവ സജ്ജമായ പുതിയ മിസൈൽ ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷിയിൽ നിർണായകമായ മുന്നേറ്റമായിരിക്കും. ഇത് അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള എതിരാളികൾക്ക് വലിയ വെല്ലുവിളിയാകുമെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.