തിരുവനന്തപുരം: വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയെഴുതാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചു. സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് ഈ ലീഗ് വഹിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കേരള ക്രിക്കറ്റ് ലീഗ് ഇതിനകം മാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനും കെ.സി.എൽ മികച്ച അവസരമാണ് ഒരുക്കുന്നത്. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയും, പരിശീലനത്തിലെ മികവിലൂടെ പിന്നീട് ടീമിലെത്തിക്കുകയുമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ക്ലബ്ബ്, ജില്ലാ തലങ്ങളിൽ തിളങ്ങുന്ന താരങ്ങൾക്ക് ടാലന്റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് തുടങ്ങിയ പ്രത്യേക കഴിവുകൾക്ക് സ്കൗട്ടുകൾ വലിയ പരിഗണനയാണ് നൽകുന്നത്.
കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ ടീമുകളുടെ ടാലന്റ് സ്കൗട്ടുകൾ മത്സരങ്ങൾ നേരിട്ടു വീക്ഷിക്കാൻ എത്തിയിരുന്നു. കിരൺ മോറെ, ആദിത്യ താരെ, ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ, മൽകേഷ് ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐ.പി.എൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ് തുടങ്ങിയവർ വിവിധ ഐ.പി.എൽ ടീമുകൾക്കായി നെറ്റ് ബൗളർമാരായും സേവനമനുഷ്ഠിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക മേഖലയുടെ കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും.