ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന സിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തിനിടെ നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം. എ.ഐ.സി.സി നിരീക്ഷകൻ മനോജ് ചവാന്റെ സാന്നിധ്യത്തിൽ യോഗം പുരോഗമിക്കവേയാണ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടാവുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തത്.
ബെലഗാവി നഗരത്തിലെ സംഗൊള്ളി രായണ്ണ സർക്കിളിലുള്ള പാർട്ടി ഓഫീസിലാണ് സംഭവം നടന്നത്. സംഘർഷത്തിനിടെ മുൻ എം.എൽ.എ രമേശ് കുഡാച്ചിയുടെ അടുത്ത അനുയായിക്ക് മർദനമേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹേമന്ത് ലിംഗഡെയാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. വിവരമറിഞ്ഞ് ബെലഗാവി മാർക്കറ്റ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാർട്ടിയുടെ നയപരമായ കാര്യങ്ങളും ഭരണനേട്ടങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന വേദിയിൽ ഗ്രൂപ്പ് പോരും അച്ചടക്ക ലംഘനവും ഉണ്ടായതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പാർട്ടി നേതൃത്വം സംഭവത്തെ ഗൗരവത്തോടെ കാണുമെന്നാണ് സൂചന.