ന്യൂയോർക്ക്: ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി ഏഴ് മണിക്കൂർ ദൈർഘ്യമുള്ള ദൗത്യം അദ്ദേഹം വിജയകരമായി ആരംഭിച്ചു. നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരിയായ ജെസിക്ക മേയറിനൊപ്പമാണ് അനിൽ മേനോൻ ഈ നിർണായക ദൗത്യത്തിൽ പങ്കാളിയായത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പാനൽ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ക്വെസ്റ്റ് എയർലോക്ക് വഴിയാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്ക് എത്തിയത്. അനിൽ മേനോന്റെയും ജെസിക്ക മേയറിന്റെയും ഹെൽമെറ്റ് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ നാസയുടെ ഔദ്യോഗിക ലൈവ് സംപ്രേഷണത്തിലൂടെ ലോകമെമ്പാടുമുള്ളവർക്കായി തത്സമയം ലഭ്യമാക്കിയിരുന്നു.
പാലക്കാട് വേരുകളുള്ള അനിൽ മേനോൻ അമേരിക്കൻ പൗരനാണ്. മെഡിസിനിലും എൻജിനീയറിംഗിലും ബിരുദധാരിയായ അദ്ദേഹം 2014-ലാണ് ഫ്ലൈറ്റ് സർജനായി നാസയിൽ ചേർന്നത്. പിന്നീട് സ്പേസ് എക്സിനൊപ്പവും പ്രവർത്തിച്ച അനിൽ മേനോൻ 2021-ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ യു.എസ്. സ്പേസ് ഫോഴ്സിൽ ലെഫ്റ്റനന്റ് കേണലായ അദ്ദേഹം, ശാസ്ത്ര-സൈനിക മേഖലകളിലെ മികവുകൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയനാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിനിയായ എലിസബത്തിന്റെയും മകനായ അനിൽ മേനോന്റെ ഈ നേട്ടം കേരളത്തിന് മൊത്തത്തിൽ അഭിമാനകരമായ നിമിഷമായി മാറിയിരിക്കുകയാണ്.