ന്യൂഡൽഹി: വിദേശനാണ്യ കരുതൽ ശേഖരത്തിലുണ്ടായ കുറവ് കാരണം ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് സഹായവുമായി ഇന്ത്യയെത്തുന്നു. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ, ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യയിലെ ശുദ്ധീകരണം, തിരിച്ചയക്കൽ എന്നിവയുടെ ചെലവുകൾ ബംഗ്ലാദേശ് വഹിക്കണം. ഇത് ഇന്ത്യൻ ഓയിൽ കമ്പനികൾക്ക് വരുമാനം നേടാനുള്ള അവസരമായി മാറും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശിലെ ഏക ഓയിൽ റിഫൈനറി ആയ ഈസ്റ്റേൺ റിഫൈനറി ലിമിറ്റഡ്, പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനാണ് നിലവിൽ സൗകര്യമുള്ളത്. റഷ്യയിൽ നിന്നുള്ള ‘ഹെവി’ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷി ഈ റിഫൈനറിക്ക് ഇല്ല. 1968-ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിന് പ്രതിവർഷം 15 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. ഇത് രാജ്യത്തിന്റെ ആവശ്യകതയ്ക്ക് തികയുന്നില്ല. അതിനാൽ, ഡീസൽ, പെട്രോൾ, ജെറ്റ് ഫ്യൂവൽ തുടങ്ങിയ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്താണ് ബംഗ്ലാദേശ് മുന്നോട്ട് പോകുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നു. ബംഗ്ലാദേശ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷം 66,344 കോടി ടാക്ക (ഏകദേശം 50,000 കോടി ഇന്ത്യൻ രൂപ) എണ്ണ ഇറക്കുമതിക്കായി രാജ്യം ചെലവഴിച്ചു.
ഡോളർ ഉപയോഗിച്ചുള്ള എണ്ണ ഇടപാടുകൾക്ക് തടസ്സമുണ്ടായതോടെ ബംഗ്ലാദേശിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായി. ഇതേത്തുടർന്നാണ് ഇന്ത്യയുടെ സഹായം തേടിയത്. ബംഗ്ലാദേശിന് വേണ്ടി റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇന്ത്യൻ കമ്പനികളിൽ ഇത് ശുദ്ധീകരിച്ച് ബംഗ്ലാദേശിലേക്ക് എത്തിച്ചു നൽകുന്നതിനുള്ള മുഴുവൻ ചെലവും ബംഗ്ലാദേശ് വഹിക്കും. ഇന്ത്യ വഴി എണ്ണ വാങ്ങുന്നതിലൂടെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാമെന്ന് ബംഗ്ലാദേശ് കരുതുന്നു. അടിയന്തര ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളുടെ സഹായവും ബംഗ്ലാദേശ് തേടുന്നുണ്ട്.
ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 95 ശതമാനവും വിദേശത്തുനിന്നാണ് എത്തുന്നത്. ക്രൂഡ് ഓയിൽ വില വർദ്ധനവും വിദേശനാണ്യ ക്ഷാമവും രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കി. സബ്സിഡിയും റേഷനിംഗും ഏർപ്പെടുത്തിയാണ് രാജ്യം ഇതിനെ നേരിടുന്നത്. എന്നിട്ടും പെട്രോൾ, ഡീസൽ എന്നിവ ലഭിക്കാൻ പമ്പുകൾക്ക് മുന്നിൽ വലിയ തിരക്കാണ്. മണിക്കൂറുകളോളം കാത്തുനിന്നാലാണ് ഡീസൽ ലഭിക്കുന്നത്. ഇത് രാജ്യത്ത് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.
നിലവിൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബംഗ്ലാദേശിലെ പാർവതിപൂരിലേക്ക് നീളുന്ന ഡീസൽ പൈപ്പ് ലൈൻ വഴിയാണ് ഇത് സാധ്യമാകുന്നത്. 2023-ൽ, ഭാരത് പെട്രോളിയത്തിന്റെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് 15 വർഷത്തേക്ക് ഡീസൽ ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് ഇന്ത്യയുമായി കരാർ ഒപ്പിട്ടിരുന്നു. 2026-ൽ ഇന്ത്യ 1.2 ലക്ഷം ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തു. പ്രതിവർഷം 1.8 ലക്ഷം ടൺ ഡീസൽ നൽകണമെന്നാണ് കരാർ വ്യവസ്ഥ.