പിറവം: എറണാകുളം പിറവത്ത് വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി തർക്കമുണ്ടാക്കുന്നത് ജോയിയുടെ പതിവാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവദിവസം മദ്യപിച്ചെത്തിയ ജോയി ലിസിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ തടയാൻ ശ്രമിച്ച ക്രിസ്റ്റിക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. വയറിന് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിക്ക് ഒൻപത് തുന്നിക്കെട്ടുകളുണ്ട്. അമിതമായി രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച ക്രിസ്റ്റിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലിസി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ജോയിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ജോയിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.