തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെയും പങ്കാളിയുടെയും ക്രൂരമർദ്ദനത്തിനിരയായി ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന അനാസ്ഥയെന്ന് തെളിവുകൾ. കുഞ്ഞ് കടുത്ത പീഡനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മരണത്തിന് 26 ദിവസം മുമ്പ് മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ വിളിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന്റെ ചിത്രങ്ങൾ സഹിതം പരാതിപ്പെട്ടിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡി.സി.പി.യു) ഇത് ഗൗരവമായി എടുത്തില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.
മേയ് മൂന്നിനാണ് കുഞ്ഞിന്റെ കൈകൾക്ക് പരിക്കേറ്റതിനെത്തുടർന്ന് മുത്തശ്ശി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചത്. അമ്മയുടെ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന സംശയവും കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കയും അവർ ഉദ്യോഗസ്ഥനുമായി പങ്കുവെച്ചിരുന്നു. എന്നാൽ, മുത്തശ്ശിയുടെ ആരോപണം വെറും തോന്നലുകൾ മാത്രമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ പരാതിയെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. കുഞ്ഞിനെ നേരിട്ട് കണ്ട് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം, കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചതായി തെളിഞ്ഞാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന വിചിത്രമായ മറുപടിയാണ് അധികൃതർ നൽകിയത്.
കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകൾ കണ്ടിട്ടും അത് പോലീസിനെയോ ശിശുസംരക്ഷണ സമിതിയെയോ അറിയിക്കാൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെയും വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലെയും അധികൃതർ തയ്യാറാകാതിരുന്നത് ആരോഗ്യവകുപ്പിന്റെയും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബ സമ്മർദ്ദങ്ങൾ കാരണം പരാതി പിൻവലിക്കേണ്ടി വന്നെങ്കിലും, കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാൻ നെടുമങ്ങാട് പോലീസും കാര്യമായ താല്പര്യം കാണിച്ചില്ല. ഒടുവിൽ മേയ് 29-ന് അർഷിദ് മരണത്തിന് കീഴടങ്ങിയതോടെയാണ് സംവിധാനങ്ങളുടെ പരാജയം പുറത്തറിയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ശിശുസംക്ഷണ ഓഫീസർ അറിയിച്ചിട്ടുണ്ട്. പ്രതികളായ അഖിലയും അഷ്കറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.