ഇടുക്കി: എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ബന്ധപ്പെട്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് സർക്കുലർ നൽകി. ഡിസിസിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അഞ്ചംഗ പട്ടികയിലാണ് നിഖിൽ പൈലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലക്കാപറമ്പിൽ, മാമ്പ്രയിൽ ജോർജ് ജോസഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
2022 ജനുവരി 10-ന് പൈനാവ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ വെച്ചാണ് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിഖിൽ പൈലി ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജാമ്യത്തിലാണ്. കൊലക്കേസിലെ പ്രതികൾ നിരപരാധികളാണെന്ന നിലപാടാണ് തുടക്കം മുതൽ ജില്ലാ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നത്.
ഡിസിസി അംഗത്വത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് നിഖിൽ പൈലി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. നാമനിർദേശത്തെ പൂർണമായി ന്യായീകരിക്കുന്ന നിലപാടാണ് സി.പി. മാത്യു സ്വീകരിച്ചത്. ധീരജിനെ കുത്തിയതെന്ന് പറയുന്ന കത്തി കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിസിസി പ്രസിഡന്റ്, തന്റെ തീരുമാനത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.