രാജ്കോട്ട്: ദുബായിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വിമാനത്തിനുള്ളിൽ പുക കണ്ടെത്തിയ ഉടൻ തന്നെ പൈലറ്റ് രാജ്കോട്ട് എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസ്, അഗ്നിശമന സേന, ആംബുലൻസുകൾ എന്നിവ മുൻകരുതലിന്റെ ഭാഗമായി വിന്യസിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രാജ്കോട്ട് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
സമീപകാലത്ത് ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ മേയിൽ ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ക്യാബിനിൽ പുക നിറയുകയും യാത്രക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിമാനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിട്ടുണ്ട്.