തൊടുപുഴ: കനത്ത മഴയെ തുടര്ന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ചള്ളാവയൽ മേഖലയിൽ വെള്ളം ഉയർന്നു നിരവധി വീടുകളിൽ കയറിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വെള്ളക്കെട്ടിൽ ചില കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അടൂർ മലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആളപായമോ ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികൾ റവന്യൂ, പോലീസ് അധികൃതർ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ശനിയാഴ്ച രാവിലെയോടെയും തുടരുന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതരുടെ നിർദ്ദേശങ്ങൾ ഉടൻ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.