ന്യൂഡൽഹി: ഡൽഹിയിൽ കൊടുംചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ അനുഭവപ്പെടുന്ന മിതമായ കാലാവസ്ഥയിൽ നിന്ന് കഠിനമായ ഉഷ്ണതരംഗത്തിലേക്ക് മാറാനാണ് സാധ്യതയെന്നും, ഇത് നഗരത്തിലെ വായുനിലവാര സൂചികയെ (AQI) ‘മിതമായ’ നിലയിൽ നിന്ന് ‘മോശം’ അവസ്ഥയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച 28.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഡൽഹിയിലെ താപനില ശനിയാഴ്ചയോടെ 34.7 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ ഇത് വീണ്ടും വർധിച്ച് ബുധനാഴ്ചയോടെ 40 ഡിഗ്രിയിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്താൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തണുപ്പ് കുറയുന്നതും മഴയുടെ അഭാവവുമാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
താപനില വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കും സൂര്യഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, ദഹിക്കാൻ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുക, കരിമ്പ് ജ്യൂസ്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ പാനീയങ്ങൾ ശീലമാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. കൃത്യമായ ഉറക്കം ഉറപ്പാക്കുന്നതും മുഖം ഇടയ്ക്കിടെ ശുദ്ധജലത്തിൽ കഴുകുന്നതും ഗുണം ചെയ്യും. അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന സാഹചര്യത്തിൽ വരും ആഴ്ചകളിൽ ഡൽഹി നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതറും അറിയിച്ചിട്ടുണ്ട്.