കൊച്ചി: റിലയൻസ് ജിയോ-ബിപി പെട്രോൾ പമ്പുകളിൽ ഇന്ധന വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി കമ്പനി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായേക്കാവുന്ന ഇന്ധന വിതരണ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ, ഒരാൾക്ക് ഒരു സമയം 1000 രൂപയ്ക്ക് മാത്രമേ പെട്രോളോ ഡീസലോ നൽകാവൂ എന്ന് കമ്പനി നിർദ്ദേശിച്ചതായി റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റിലയൻസ് ജിയോ-ബിപി വക്താവ് വ്യക്തമാക്കി.
രാജ്യത്തുടനീളം 2000-ത്തോളം പമ്പുകളുള്ള ജിയോ-ബിപിക്ക് ആവശ്യത്തിന് ഇന്ധന സ്റ്റോക്ക് ലഭ്യമാണെന്നും എല്ലാ പമ്പുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. വിൽപന നിയന്ത്രിക്കാൻ ഔദ്യോഗികമായി യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും, പ്രാദേശികമായ ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ഒറ്റപ്പെട്ട ചില പമ്പുകളിൽ മാത്രമായി ഇത്തരം നിയന്ത്രണങ്ങൾ സംഭവിച്ചിരിക്കാമെന്നും കമ്പനി വക്താവ് വിശദീകരിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും ഇന്ധന ലഭ്യതയെ ബാധിക്കുമെന്ന ആശങ്കകൾ നിലനിന്നിരുന്നു. പൊതുമേഖലാ കമ്പനികൾ വില വർദ്ധിപ്പിക്കാത്തതിനാൽ സ്വകാര്യ കമ്പനികൾ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും അറിയിച്ചു. പൊതുമേഖലാ പമ്പുകളിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അടുത്തിടെ കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ പെട്രോളിന് ലിറ്ററിന് 10 രൂപയോളവും ഡീസലിന് പൂർണ്ണമായും എക്സൈസ് ഡ്യൂട്ടി ഒഴിവാക്കിയും വില കുറച്ചിരുന്നു. സ്വകാര്യ കമ്പനികൾ പൊതുമേഖലാ കമ്പനികളെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്ക് ഇന്ധനം വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.