ചിക്കമംഗളൂരു: കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മാണിക്യധാര വ്യൂ പോയിന്റിന് താഴെ ഏകദേശം 1500 അടി താഴ്ചയിലുള്ള താഴ്വരയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ വിയോഗവാർത്ത നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ശ്രീനന്ദയെ കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് വിദ്യാർത്ഥിനി ചിക്കമംഗളൂരുവിലെത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ സംഘം വാഹനത്തിനടുത്തേക്ക് മടങ്ങുമ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറിപ്പോകുകയായിരുന്നു. 15 മിനിറ്റിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പോലീസിൽ വിവരമറിയിച്ചു.
കാണാതായ ദിവസം മുതൽ കർണാടക പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നീട് കേരളത്തിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നു. നൂറോളം വരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. കൊടുംകാടും ദുർഘടമായ പാതകളുമുള്ള മേഖലയായതിനാൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചാണ് വനമേഖലയിൽ പരിശോധന നടത്തിയത്. മാണിക്യധാര വെള്ളച്ചാട്ടവും പരിസരത്തെ വ്യൂ പോയിന്റുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഒടുവിൽ അതീവ ദുർഘടമായ താഴ്വരയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാർത്ഥനകളോടെ തിരിച്ചുവരവിനായി കാത്തിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഈ വാർത്ത വലിയ ആഘാതമായി.