ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി യുപിഐ (UPI), ഐഎംപിഎസ് (IMPS) ഇടപാടുകളിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. പുതിയ നിർദ്ദേശപ്രകാരം, വലിയ തുകകളുടെ കൈമാറ്റത്തിന് നിശ്ചിത സമയം കാത്തിരിക്കേണ്ടി വരും. ഇതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം 2026 മേയ് 8 വരെ അറിയിക്കാവുന്നതാണ്. ഈ മാറ്റങ്ങൾ ഒറ്റയടിക്ക് ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾ പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്ന ‘കിൽ സ്വിച്ച്’ എന്ന സുരക്ഷാ സംവിധാനവും പരിഗണനയിലുണ്ട്. 2026-ഓടെ ഓൺലൈൻ തട്ടിപ്പുകൾ 22,000 കോടി രൂപ കടക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടികൾ കടുപ്പിക്കുന്നത്.
പ്രധാന മാറ്റങ്ങളിൽ ഒന്നാണ് ഒരു മണിക്കൂർ ‘കൂളിംഗ് ഓഫ്’ പിരീഡ്. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്കാണ് ഈ സമയം നിർദ്ദേശിച്ചിരിക്കുന്നത്. പണം അയച്ചുകഴിഞ്ഞാൽ അത് സ്വീകർത്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ വരെ സമയമെടുത്തേക്കാം. ഈ സമയത്തിനുള്ളിൽ അയച്ചയാൾക്ക് ഇടപാട് പരിശോധിക്കാനും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് റദ്ദാക്കാനും സാധിക്കും. 70 വയസ്സിനു മുകളിലുള്ളവർ 50,000 രൂപയിൽ കൂടുതൽ കൈമാറ്റം ചെയ്യുമ്പോൾ വിശ്വസ്തനായ മറ്റൊരു വ്യക്തിയുടെ അനുമതി കൂടി വാങ്ങുന്നത് പരിഗണിക്കുന്നുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിലും ചെറുകിട ബിസിനസ് അക്കൗണ്ടുകളിലും 25 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും.
ഡിജിറ്റൽ തട്ടിപ്പുകളിൽ 45 ശതമാനവും നടക്കുന്നത് 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ തട്ടിപ്പ് മൂല്യത്തിന്റെ 98.5 ശതമാനവും ഇത്തരം വലിയ ഇടപാടുകളിലാണ്. തട്ടിപ്പുകാർ ഇരകളെ സമ്മർദ്ദത്തിലാക്കി ചിന്തിക്കാൻ സമയം നൽകാതെ പണം തട്ടിയെടുക്കുന്ന രീതി തടയാൻ ഈ ഒരു മണിക്കൂർ സമയം സഹായിക്കും. എന്നാൽ, വൈറ്റ്ലിസ്റ്റ് കോൺടാക്റ്റുകൾ, വ്യാപാരി പേയ്മെന്റുകൾ, ഇ-മാൻഡേറ്റുകൾ, ചെക്കുകൾ, നാച്ച് (NACH) ഇടപാടുകൾ എന്നിവയെ ഈ പുതിയ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം റിസർവ് ബാങ്ക് അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.