ന്യൂഡൽഹി: കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും രാജ്യത്തെ എണ്ണ വിതരണ കമ്പനികൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം വിപണിയിലെ തിരിച്ചടികളെ നേരിടാൻ കമ്പനികൾക്ക് സഹായകമായില്ല.
കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എണ്ണക്കമ്പനികളുടെ റിഫൈനിങ് മാർജിൻ നിലവിൽ നെഗറ്റീവ് ആണ്. ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോൾ 60 രൂപയും, ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 24 രൂപയുമാണ് കമ്പനികൾക്ക് സംഭവിക്കുന്ന നഷ്ടം. ഇത് നേരത്തെ പെട്രോളിന് 11.5 രൂപ വരെയും ഡീസലിന് 9 രൂപ വരെയും ലാഭം ലഭിച്ചിരുന്ന സാഹചര്യത്തിൽ നിന്നുള്ള വലിയ ഇടിവാണ്. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നും സൂചനയുണ്ട്.
കമ്പനികൾക്ക് വിദേശ വിപണിയിൽ നിന്നും ലാഭമുണ്ടാക്കാനുള്ള വഴികളും ഇപ്പോൾ അടയുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഡീസൽ കയറ്റുമതി നികുതി ലിറ്ററിന് 55.5 രൂപയായി കുത്തനെ വർദ്ധിപ്പിച്ചത് എണ്ണക്കമ്പനികൾക്ക് മറ്റൊരു വലിയ തിരിച്ചടിയായി മാറി. ഇത്രയും വലിയ നഷ്ടം സഹിച്ച് ദീർഘകാലം മുന്നോട്ടുപോകാൻ കമ്പനികൾക്ക് കഴിയില്ലെങ്കിലും നിലവിൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് ഇന്ധനവിലയിൽ വലിയൊരു വർദ്ധനവ് കമ്പനികൾ വരുത്തിയേക്കും.