വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നു. യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കും. നാളെയാണ് നിർണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്നാണ് ഇറാനിയൻ വാർത്താ ഏജൻസി ‘തസ്നിം’ റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നാളത്തെ ചർച്ചയിൽ സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇറാൻ്റെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർത്തത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്നും ഉപരോധം മൂലം അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരുമെന്ന് യുഎസ് പ്രഖ്യാപിച്ചതോടെ, അന്താരാഷ്ട്ര കപ്പലുകളെ കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. സംഘർഷം മുറുകുന്നതിനിടെ ഇസ്രായേലിനെ പ്രകീർത്തിച്ച ട്രംപ്, ഇസ്രായേൽ അമേരിക്കയുടെ വിശ്വസ്ത സുഹൃത്താണെന്നും ധീരരായ ജനതയാണ് അവിടെയുള്ളതെന്നും കൂട്ടിച്ചേർത്തു.
യുഎസുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലേക്ക് എത്താൻ ഇനിയും ദൂരമുണ്ടെന്നാണ് ഇറാൻ്റെ പക്ഷം. ചില അടിസ്ഥാന ആവശ്യങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടാണ് അമേരിക്ക വെടിനിർത്തലിന് തയ്യാറായതെന്നും ഇറാൻ പാർലമെൻ്റ് സ്പീക്കർ അവകാശപ്പെട്ടു. ഇതിനിടെ, അന്താരാഷ്ട്ര ജലപാതകളിലൂടെ സഞ്ചരിക്കുന്ന ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇത് ഇറാനൻ്റെ സാമ്പത്തിക അടിത്തറ തകർക്കാനുള്ള നീക്കമാണെന്ന് നിരീക്ഷകർ കരുതുന്നു.