ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായതായാണ് രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ-2 എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്.
മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു ദുരന്തം. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് യാത്ര തിരിച്ചതായിരുന്നു കപ്പൽ. യാത്ര ആരംഭിച്ച് മണിക്കൂറുകൾക്കകം ഫെറിക്ക് തീപിടിക്കുകയായിരുന്നു. ക്യാപ്റ്റൻ അപകടവിവരം അധികൃതരെ അറിയിച്ചെങ്കിലും പിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചു.
തീപിടിത്തത്തിൽ ഫെറി ഏതാണ്ട് പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കപ്പലിന്റെ മുകൾഭാഗത്ത് നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ രക്ഷയ്ക്കായി തടിച്ചുകൂടുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന കപ്പലുകൾ ഉടൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ രക്ഷാകപ്പലുകൾ ദുരന്തസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.