തിരുവനന്തപുരം: ശാഖകളിലും സംഘശിബിരങ്ങളിലും നേരിട്ടെത്തി കണ്ടും അറിഞ്ഞും ആർഎസ്എസിനെ മനസ്സിലാക്കണമെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. സംഘശതാബ്ദിയോടനുബന്ധിച്ച് ഉദയ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാൻ സ്വയംസേവകരെ കേൾക്കാനും സംഘപരിപാടികളിൽ പങ്കുചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘത്തിന് ആരും എതിരാളികളല്ലെന്നും, എല്ലാവരും നാളത്തെ സ്വയംസേവകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിന്റെ പൂർവവൈഭവം വീണ്ടെടുക്കാൻ സമൂഹം ഒറ്റക്കെട്ടായി സംഘടിക്കേണ്ടതുണ്ടെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ജന്മനാ ദേശഭക്തനായ കേശവബലിറാം ഹെഡ്ഗേവാർ, രാജ്യം അതിന്റെ തനിമയിൽ സംഘടിക്കാതെ പുരോഗതി സാധ്യമല്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഭാരതം കേവലം ഭൂമിശാസ്ത്രപരമായ അതിരുകളിലൊതുങ്ങുന്നതല്ലെന്നും, ഹിന്ദു എന്നത് നമ്മുടെ ജീവിതരീതിയും സാംസ്കാരിക തനിമയുമാണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഭാരതീയ ജീവിതരീതി ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ കരുത്തരാകാൻ സമാജം ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദൗർബല്യം മരണമാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മാതൃഭൂമിയെന്ന വികാരവും സാഹോദര്യവും ഓരോരുത്തരിലും ഉറയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സദസ്സിലെ ചോദ്യങ്ങൾക്ക് സർസംഘചാലക് മറുപടി നൽകി.