തലശ്ശേരി: അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് സർക്കാർ ഭൂമിയിലെന്ന് ലാൻഡ് ബോർഡ് കണ്ടെത്തി. നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ പ്രവർത്തിക്കുന്ന കോളേജ് ഏറ്റെടുക്കാനുള്ള നടപടികൾക്ക് വേഗതയേറുന്നു. കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് ആറിന് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വെച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്കരണ നിയമപ്രകാരം യാതൊരു ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി. നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയ 1970-ലെ ഉടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവരുടെ പേരിൽ കേസെടുക്കാനും ഉത്തരവിലുണ്ട്. കക്ഷികളെ കേസിൽ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കും.
ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ കോളേജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭൂമി ഇടപാടുകളും പുറത്തുവരുന്നത്.