ഹോർമുസ്: ഇറാൻ എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നു. കയറ്റുമതി നിലച്ചതും സംഭരണികൾ നിറഞ്ഞതും രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുക്കുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. അമേരിക്കൻ ഉപരോധം കടുത്തതോടെ എണ്ണ ഉൽപാദനം പൂർണ്ണമായി നിർത്താൻ കഴിയാതെയും, കയറ്റുമതി ചെയ്യാൻ സാധിക്കാതെയും വന്നതോടെ ഉൽപാദിപ്പിക്കുന്ന എണ്ണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് രാജ്യം. പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാൻ മുഖേന അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്ക് ഇറാൻ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകൾ അമേരിക്കൻ സൈന്യം തടയുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയ സാഹചര്യത്തിൽ ഇറാനിയൻ, റഷ്യൻ എണ്ണകൾക്ക് യു.എസ് പ്രസിഡന്റ് ട്രംപ് നൽകിയിരുന്ന ഇളവുകൾ റഷ്യയ്ക്ക് നീട്ടി നൽകിയെങ്കിലും ഇറാന് നൽകിയില്ല. ഇതോടെ ഇറാന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള അമേരിക്കൻ ഉപരോധം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടു. കയറ്റുമതി ഏറെക്കുറെ നിലച്ചെങ്കിലും ഇറാനിൽ ക്രൂഡ് ഓയിൽ ഉൽപാദനം ഇപ്പോഴും തുടരുകയാണ്. ഖാർഗ് ദ്വീപിലെ 30 മില്യൺ ബാരൽ ശേഷിയുള്ള സംഭരണികൾ നിറഞ്ഞു കഴിഞ്ഞു. പ്രതിദിനം 1 ദശലക്ഷം മുതൽ 1.1 ദശലക്ഷം ബാരൽ വരെ അധികമായി സംഭരണികളിലേക്ക് എത്തുന്നുണ്ട്. ഈ രീതിയിൽ തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ എണ്ണ സംഭരണികൾ പൂർണ്ണമായും നിറയും. പ്രതിസന്ധി കുറയ്ക്കാൻ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന പഴയ എണ്ണക്കപ്പലുകൾ പൊടിതട്ടിയെടുക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. 30 വർഷം പഴക്കമുള്ള കപ്പലുകളിലായി ഇനി ഏകദേശം 13 മില്യൺ ബാരൽ എണ്ണ കൂടി സംഭരിക്കാൻ മാത്രമേ ഇറാന് ശേഷിയുള്ളൂ.
എണ്ണ കയറ്റുമതി നിലച്ചിട്ടും എണ്ണക്കിണറുകൾ അടച്ചിടാൻ ഇറാൻ തയ്യാറാകാത്തതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. എണ്ണക്കിണറുകൾ അടയ്ക്കുന്നത് ഒട്ടേറെ സാങ്കേതിക പ്രക്രിയകൾ ആവശ്യമുള്ള ബുദ്ധിമുട്ടേറിയ കാര്യമാണ്. ദീർഘകാലം അടച്ചിട്ടാൽ കിണറുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഇത് ഭാവിയിലെ എണ്ണ ഉൽപാദനത്തെ വലിയ തോതിൽ ബാധിക്കും. വിദേശനാണയം ലഭിക്കുന്ന പ്രധാന മാർഗ്ഗമായ എണ്ണ ഉൽപാദനം നിർത്തിവെച്ച് സ്വയം പ്രതിസന്ധി സൃഷ്ടിക്കാൻ അവർ തയ്യാറല്ല. ഉൽപാദനം നിർത്തുന്നത് അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാകുമെന്ന് ഇറാൻ കരുതുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും മൂന്നിലൊന്ന് കപ്പലുകളെ ഇറാൻ രഹസ്യമായി പുറത്തെത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാനിലെയും പശ്ചിമേഷ്യയിലെയും എണ്ണ വിതരണം സ്തംഭിക്കുന്നത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയരാൻ കാരണമായേക്കാം. ഈ സാഹചര്യത്തിൽ അമേരിക്കയും ചർച്ചകൾക്ക് തയ്യാറായേക്കുമെന്നാണ് സൂചന.