തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തിൽ ഉപയോഗിച്ച അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉപയോഗിച്ച സ്റ്റാമ്പുകളാണ് വിവാദമായിരിക്കുന്നത്. നിർബന്ധമായും ഉപയോഗിക്കേണ്ട നോട്ടറി സ്റ്റാമ്പുകൾക്ക് പകരം സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പ് ഉപയോഗിച്ചതിനാണ് നിയമസാധുതയില്ലെന്ന് പറയുന്നത്.
സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ നോട്ടറി സ്റ്റാമ്പുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പ്രമുഖ നേതാക്കളടക്കമുള്ള നിരവധി സ്ഥാനാർത്ഥികൾ ഇതിന് പകരം സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പുകളാണ് പതിപ്പിച്ച് സമർപ്പിച്ചത്. ഇത് നിലവിലെ സ്റ്റാമ്പ് ആക്ടിന് വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു. 2011 മുതൽ കേരളത്തിൽ നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ. ചാത്തുകുട്ടിയാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. നോട്ടറി സ്റ്റാമ്പുകൾ അല്ലാതെ മറ്റ് സ്റ്റാമ്പുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലങ്ങൾക്ക് നിയമസാധുത ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു.
അഞ്ചു രൂപയുടെ നോട്ടറി സ്റ്റാമ്പുകൾ വിപണിയിലും ട്രഷറികളിലും ആവശ്യത്തിന് ലഭ്യമാണ്. 20 നോട്ടറി സ്റ്റാമ്പുകളാണ് ഒരു സത്യവാങ്മൂലത്തിൽ ഒട്ടിക്കേണ്ടത്. എന്നാൽ സ്ഥാനാർത്ഥികൾ 20 നോട്ടറി സ്റ്റാമ്പുകൾക്ക് പകരമായി 100 രൂപയുടെ ഒന്നോ അല്ലെങ്കിൽ 50 രൂപയുടെ രണ്ടോ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പുകളാണ് ഉപയോഗിച്ചത്. സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പുകൾ ഉപയോഗിക്കാൻ അനുമതി തേടി ട്രഷറി ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നിയമസാധുതയില്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ചുള്ള സത്യവാങ്മൂലങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.