കാൺപൂർ: നെറ്റിയിൽ സിന്ദൂരം ചാർത്തി സ്കൂളിലെത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ നടപടി. ഉത്തർപ്രദേശിലെ മദർ തെരേസ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ഹിബ ഫാത്തിമയെയാണ് മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കുട്ടി ധരിച്ചിരുന്ന സിന്ദൂരം ബലം പ്രയോഗിച്ച് തുടച്ചുമാറ്റുകയും അധ്യാപിക ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സ്കൂളിൽ നടന്ന സംഭവം കുട്ടി വീട്ടിലറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എബിവിപി പ്രവർത്തകർ സ്കൂളിൽ പ്രതിഷേധവുമായി എത്തുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അധ്യാപികയെ പുറത്താക്കാൻ തീരുമാനിച്ചത്.
മതപരമായ ചിഹ്നങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കാനോ ഉപദ്രവിക്കാനോ പാടില്ലെന്നും സനാതന സംസ്കാരത്തിന്റെ ഭാഗമായ സിന്ദൂരം ധരിച്ചതിന് കുട്ടിയെ മർദ്ദിച്ചത് അംഗീകരിക്കാനാവില്ലെന്നും എബിവിപി സിറ്റി സെക്രട്ടറി സുധാൻഷു ത്രിപാഠി പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.