പുതുപ്പള്ളി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിതാവിന്റെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയതാണെന്നും താൻ തിരുവനന്തപുരത്തേക്ക് നടത്തുന്നത് സ്വീകരണ യാത്രയല്ലെന്നും നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. പദവികളോ മന്ത്രിസ്ഥാനമോ തനിക്ക് നിർബന്ധമില്ലെന്നും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തേക്കുള്ള യാത്രയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ തെറ്റിദ്ധാരണകൾ അദ്ദേഹം തള്ളി. പാർട്ടി ഏത് തീരുമാനമെടുത്താലും അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ സ്നേഹിക്കുന്ന ജനങ്ങൾ പലയിടത്തുമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ താൻ തടയില്ല. വാഹനം കടന്നുപോകുമ്പോൾ കാണാൻ വരുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. 53,000 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയ ജനങ്ങൾ പിതാവിന്റെ കല്ലറയിൽ ഒപ്പം വരുന്നതിൽ എങ്ങനെയാണ് തെറ്റ് പറയാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
ചാണ്ടി ഉമ്മന് അർഹമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി തലസ്ഥാനത്ത് ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. കെപിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് നൽകണമെന്നാണ് പ്രധാന ആവശ്യം. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുൻപിലാണ് ‘കെപിസിസിയെ ചാണ്ടി നയിക്കട്ടെ’ എന്ന് എഴുതിയ ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമായ അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് കോൺഗ്രസ് തിരുവനന്തപുരം എന്ന പേരിലുള്ള ബോർഡിൽ ആവശ്യപ്പെടുന്നു. മന്ത്രിസ്ഥാനം തനിക്ക് അത്യാവശ്യമുള്ള കാര്യമല്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.