കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനമില്ല. നിലവിൽ, രണ്ടുദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് കമ്പനികൾ പമ്പുകൾക്ക് നൽകുന്നത്. ശരാശരി വിൽപ്പന കണക്കാക്കി 12 മുതൽ 15 ലക്ഷം രൂപയുടെ സ്റ്റോക്കാണ് ഇപ്പോൾ അനുവദിക്കുന്നത്. ഈ നിയന്ത്രണം പെട്രോൾ പമ്പുകൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.
വേനലവധി കാരണം സംസ്ഥാനത്ത് ഇന്ധന ഉപയോഗം 10-13 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പമ്പുകളിൽ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇന്ധന ടാങ്കറുകൾ എത്താൻ വൈകിയാൽപോലും പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓരോ പെട്രോൾ പമ്പിലും എത്ര ലിറ്റർ ഇന്ധനം വിറ്റുപോകാറുണ്ട്, ബാക്കിയുള്ള അളവ് എന്നിവയെല്ലാം ഓട്ടോമേഷൻ സംവിധാനം വഴി ബന്ധപ്പെട്ട സെയിൽസ് ഓഫീസർക്ക് അറിയാൻ കഴിയും. ഇതനുസരിച്ചാണ് കമ്പനികൾ പമ്പിലേക്ക് ലോഡ് അനുവദിക്കുന്നത്.
പെട്രോൾ പമ്പുകളിലെ സംഭരണ ടാങ്കുകളിൽ അടിയിലായി 1,500-2,000 ലിറ്റർ വരെ ഇന്ധനം ഡെഡ് സ്റ്റോക്കായി സൂക്ഷിക്കാറുണ്ട്. ടാങ്ക് ഹൈഡ്രേറ്റാകാതെ സൂക്ഷിക്കാനുള്ള ഇന്ധനമാണിത്. എന്നാൽ, നിലവിലെ സ്റ്റോക്ക് പരിമിതി കാരണം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചില പമ്പുകളിൽ ഇന്ധനം തീരുന്നതായി കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.എം. ബഷീർ പറഞ്ഞു. എറണാകുളത്തിന് പുറത്തുള്ള പമ്പുകളിലേക്ക് ലോഡ് എത്താൻ കാലതാമസമുണ്ടാകുന്നതാണ് ഇതിന് കാരണം. പമ്പുകളുമായുള്ള ഇടപാടുകളിൽ എണ്ണക്കമ്പനികളുടെ ക്രെഡിറ്റ് സംവിധാനം നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, പമ്പുകളിലേക്ക് ഇന്ധനം ലഭിക്കാൻ മുൻകൂട്ടി പണം നൽകണം. ബാങ്ക് അവധികൾ കാരണം പണം കമ്പനികളിലേക്ക് എത്താൻ വൈകുന്നതും സ്റ്റോക്ക് ലഭിക്കാൻ തടസ്സമുണ്ടാക്കുന്നുവെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് മുൻ ജനറൽ സെക്രട്ടറി മനോജ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മേയ് ഒന്നിലെ അവധി കണക്കാക്കി പമ്പുകൾക്ക് ആവശ്യത്തിന് ഇന്ധനം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.