തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലെ പരാമർശങ്ങളെച്ചൊല്ലി വി. ശിവൻകുട്ടിയും ആര്യ രാജേന്ദ്രനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും തേജോവധം ചെയ്യാനുമാണ് വി. ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് ആര്യ രാജേന്ദ്രൻ തുറന്നടിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷവിമർശനങ്ങൾക്കു പിന്നാലെയാണ് ആര്യയുടെ ഈ പ്രതികരണം.
ജില്ലാ സെക്രട്ടേറിയറ്റിൽ വി. ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ഈ തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ വാർത്തയായ സാഹചര്യത്തിൽ അത് തിരുത്താൻ അദ്ദേഹം തയ്യാറാകണം. മുതിർന്ന നേതാക്കൾ പുതിയ ആളുകളോട് ഇത്തരം സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും ഇങ്ങനെ പെരുമാറിയാൽ എന്ത് ചെയ്യുമെന്നും അവർ ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ആര്യയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ വി. ശിവൻകുട്ടി വിമർശിച്ചിരുന്നു. ഈ വിമർശനങ്ങളാണ് ഇപ്പോഴത്തെ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
ആര്യ രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് വോട്ട് കുറയാൻ കാരണമായി എന്നും തിരഞ്ഞെടുപ്പ് സമയത്ത് വാഹനത്തിൽ കയറിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു എന്നും 1400 വോട്ടുകളുടെ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബൂത്തിൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത് തുടങ്ങിയ ആരോപണങ്ങളാണ് ശിവൻകുട്ടി ഉന്നയിച്ചത്. ഈ ആരോപണങ്ങൾക്കെതിരെയാണ് ഇപ്പോൾ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ സി.പി.ഐ.എം രാഷ്ട്രീയത്തിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.