പത്തനംതിട്ട: ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് കണ്ടെത്തൽ. എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദിശ തെറ്റിയതാണെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പത്തനംതിട്ട എസ്.പിക്ക് ചുമതല നൽകി.
ശബരിമല മുതൽ നിലക്കൽ വരെയുള്ള അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തെക്കുറിച്ച് എഡിജിപി എസ്. ശ്രീജിത്ത് റിപ്പോർട്ട് സമർപ്പിച്ചു. സന്നിധാനത്ത് കൊടിമരത്തിന് തൊട്ടുമുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറാണ് എഡിജിപിയോട് അന്വേഷണ റിപ്പോർട്ട് തേടിയത്.
ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക നിരീക്ഷണത്തിന്റെ ഭാഗമായി പറന്നതല്ലെന്നാണ് കോസ്റ്റ് ഗാർഡ് നൽകിയ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റി സഞ്ചരിച്ചതാണെന്നും, റഡാർ സംവിധാനമില്ലാത്ത ഹെലികോപ്റ്റർ ജിപിഎസ് മുഖേനയാണ് സഞ്ചരിച്ചതെന്നും അവർ അറിയിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും വിശ്വസനീയമല്ലെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് മുകളിൽ പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തുകൂടി വേഗത കുറച്ചായിരുന്നു ഇതിന്റെ സഞ്ചാരം. ഇത്രയും താഴ്ന്ന് സന്നിധാനത്ത് ഒരു ഹെലികോപ്റ്റർ പറക്കുന്നത് ആദ്യമായാണ്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ക്ഷേത്രത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി എയർ കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സുരക്ഷാ ലംഘനത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നതിനാൽ, ഇതിനായുള്ള ചുമതല പത്തനംതിട്ട എസ്.പിക്ക് കൈമാറിയിട്ടുണ്ട്.