കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകൾ പരിശോധിച്ചതിൽ നിന്ന് അഷ്ടാഭിഷേകത്തിൻ്റെ പേരിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മുൻപ് ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളായവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതലയിലിരുന്ന കാലയളവിലാണ് ഈ ക്രമക്കേടുകൾ നടന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വിജിലൻസിൻ്റെ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു. വഴിപാട് സാധനങ്ങളുടെ വിതരണത്തിലെ സുതാര്യതക്കുറവാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രധാനമായും ചോദ്യം ചെയ്തത്. അഷ്ടാഭിഷേകത്തിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി നൽകുമ്പോൾ പാലും കരിക്കും പനിനീരും മാത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് നൽകുന്നതിലെ യുക്തി കോടതി ആരാഞ്ഞു. ഈ മൂന്ന് സാധനങ്ങൾ കൂടി സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ ക്രമക്കേടുകൾ ഒഴിവാക്കാമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി, പൂജയ്ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചു.
നിലവിൽ 6,000 രൂപയാണ് അഷ്ടാഭിഷേക വഴിപാടിന്റെ നിരക്ക്. ഇതിൽ പൂജാ സാധനങ്ങൾ വാങ്ങാനായി നീക്കിവെക്കുന്ന 300 രൂപയാണ് പാലും മറ്റും വാങ്ങുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുന്നത്. ഈ തുക വിനിയോഗിച്ചതിലാണ് 5.15 ലക്ഷം രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തുന്നത്. എന്നാൽ വിജിലൻസിൻ്റെ ഈ കണ്ടെത്തലുകൾ പൂർണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം. 2021-ലെ ഒരു മുൻ കോടതി ഉത്തരവ് അനുസരിച്ചാണ് നിലവിലെ ക്രമീകരണം നടപ്പാക്കിയതെന്നും, ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിശദീകരണം അടങ്ങിയ സത്യവാങ്മൂലം ഉടൻ തന്നെ കോടതിയിൽ ഫയൽ ചെയ്യുമെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.