ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വ്യോമപരിധിയിൽ കടന്നുകയറി പരിഭ്രാന്തി സൃഷ്ടിച്ചതിനാണ് നടപടി. സംഭവം അതീവ ഗൗരവതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, സ്പെഷ്യൽ കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ‘ചേതക്’ ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വളരെ താഴ്ന്നു പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തായി വേഗത കുറച്ച് പറന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തിയതായി സംശയമുണ്ട്. ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ഭക്തർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രവും ഉൾപ്പെടുന്ന പ്രദേശം കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള മേഖലയാണ്. ഇവിടെ യാതൊരുവിധ വ്യോമനിരീക്ഷണങ്ങൾക്കും നിലവിൽ അനുമതി നൽകിയിട്ടില്ല.
സംഭവം വിവാദമായതോടെ ശബരിമല സ്പെഷ്യൽ കമ്മീഷണർ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് അതീവ ഗൗരവതരമായ സുരക്ഷാ വീഴ്ചയാണെന്ന് കമ്മീഷണർ കോടതിയെ അറിയിച്ചു. തുടർന്ന്, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപി എസ്. ശ്രീജിത്തിന് ഹൈക്കോടതി നിർദേശം നൽകി. ശബരിമലയിൽ ബോധപൂർവ്വം വ്യോമനിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന ഔദ്യോഗിക വിശദീകരണം. കാലാവസ്ഥാ പ്രശ്നം മൂലം അന്തരീക്ഷം മേഘാവൃതമായതിനാൽ കാഴ്ച പരിമിതമായപ്പോഴാണ് ഹെലികോപ്റ്റർ താഴേക്ക് പറന്നതെന്നും ദിശ മാറിയതെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. റഡാർ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ആയിരുന്നില്ല ഇതെന്നും, ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.