അമേരിക്ക: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. യൂറോപ്പിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ 25% വരെ താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ജൂലൈ 4-നകം വ്യാപാര കരാർ ഒപ്പുവെച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടേക്കും.
ഇറാൻ വിഷയവും വ്യാപാര കരാറുമാണ് പ്രധാനമായും ചർച്ചയായത്. ഇറാന്റെ ആണവായുധ മോഹങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയന് ജൂലൈ 4 വരെ സമയം അനുവദിച്ചുകൊണ്ട് വ്യാപാര വിഷയങ്ങളിലേക്ക് കടന്നത്. സ്കോട്ട്ലൻഡിൽ വെച്ച് ഒപ്പുവെച്ച വ്യാപാര കരാർ ഈ സമയത്തിനുള്ളിൽ യാഥാർഥ്യമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4 വരെയാണ് യൂറോപ്യൻ യൂണിയന് സമയം നൽകിയിരിക്കുന്നത്. യു.എസ് ഉത്പന്നങ്ങൾക്ക് പൂജ്യം ശതമാനം താരിഫ് എന്ന വാഗ്ദാനം പാലിക്കാത്ത പക്ഷം യൂറോപ്പിൽ നിന്ന് യു.എസിലേക്കെത്തുന്ന കാറുകൾക്കും ട്രക്കുകൾക്കും 25% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഭീഷണി. ഇതിനിടെ യു.എസുമായുള്ള കരാർ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല പ്രതികരിച്ചു.