തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മൂന്ന് ദിവസത്തെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് നിലനിർത്തി. നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ജി. സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തത്. നിയമസഭാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് അദ്ദേഹമായിരിക്കും. വകുപ്പ് വിഭജന ചർച്ചകൾ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ പൂർത്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് അന്തിമ ലിസ്റ്റ് രാവിലെ സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും വകുപ്പുകളും ഒറ്റനോട്ടത്തിൽ: വി.ഡി. സതീശൻ (മുഖ്യമന്ത്രി) ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം, സയൻസ് & ടെക്നോളജി, ലോട്ടറി, എയർപോർട്ട്, മെട്രോ. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ, ജയിൽ, കയർ. സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം. കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ. എ.പി. അനിൽകുമാർ: റവന്യൂ. പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം. എം. ലിജു: സഹകരണം, എക്സൈസ്. റോജി എം. ജോൺ: ഉന്നത വിദ്യാഭ്യാസം. ടി. സിദ്ദിഖ്: കൃഷി. കെ.എ. തുളസി: പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്. ബിന്ദു കൃഷ്ണ: തൊഴിൽ, വനിതാ-ശിശു സംരക്ഷണം, ക്ഷീര വികസനം. ഒ.ജെ. ജനീഷ്: കായികം, യുവജനക്ഷേമം. പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി. എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം. കെ.എം. ഷാജി: തദ്ദേശ സ്വയം ഭരണം. മോൻസ് ജോസഫ്: ജലവിഭവ വകുപ്പ്, ഇറിഗേഷൻ. പി.കെ. ബഷീർ: പൊതുമരാമത്ത്. വി.ഇ. അബ്ദുൽ ഗഫൂർ: ഫിഷറീസ്, സാമൂഹ്യനീതി. അനൂപ് ജേക്കബ്: ഭക്ഷ്യ പൊതുവിതരണം. സി.പി. ജോൺ: ഗതാഗതം. ഷിബു ബേബി ജോൺ: വനം വകുപ്പ്.