വയനാട്: വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിയിൽ നിർണ്ണായക പുരോഗതി. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലായി നിർമ്മിച്ച 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ഇതോടെ ദുരന്തബാധിതർക്ക് നൽകിയ ആകെ വീടുകളുടെ എണ്ണം 43 ആയി ഉയരും. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ 26 വീടുകൾ കൈമാറിയിരുന്നു.
സർക്കാർ ഏറ്റെടുത്ത 178 വീടുകളിൽ നിർമ്മാണം പൂർത്തിയാക്കി മൂന്ന് ഘട്ടങ്ങളിലായുള്ള കർശനമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വീടുകൾ ഓരോന്നായി നൽകുന്നത്. നിലവിൽ 102 വീടുകൾ മൂന്നാംഘട്ട പരിശോധനയ്ക്കായി സജ്ജമായിട്ടുണ്ട്. ആദ്യഘട്ടത്തിലെ 178 വീടുകളിൽ 56 എണ്ണത്തിന്റെ രണ്ടാംഘട്ട പരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു.
മെയ് മാസ പകുതിയോടെ ടൗൺഷിപ്പിലെ മുഴുവൻ വീടുകളും കൈമാറാൻ കഴിയുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ ഗുണഭോക്താക്കൾക്കും വീടുകൾ ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും എല്ലാവർക്കും ലഭിച്ച ശേഷം മാത്രമേ തങ്ങൾ താമസം ആരംഭിക്കുകയുള്ളൂ എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ദുരന്തബാധിതർ. നിർമ്മാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയും, നടത്തിപ്പ് ചുമതല കിഫ്ബി(KIIFB)യുമാണ് നിർവ്വഹിക്കുന്നത്.