ലോകം: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു എന്ന സൂചനകളും യുഎസ്-ഇറാൻ സമാധാന ചർച്ചകളും പുരോഗമിക്കുമ്പോൾ, ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകാൻ സാധ്യത. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾ നിക്ഷേപകർ ഉറ്റുനോക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയോടെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. മെയ് 9 മുതൽ 11 വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ യുഎസ്-ഇറാൻ സംഘർഷങ്ങൾക്കും അയവ് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ചില നടപടികൾ ശുഭസൂചകമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതിൻ്റെ സൂചനയായി, പാക്കിസ്ഥാനിലേക്കുള്ള എൽഎൻജി ടാങ്കറിന് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകി. ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ നിക്ഷേപകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഒരു വശത്ത് സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും, ഇറാനിയൻ കപ്പലുകൾക്ക് നേരെയുള്ള യുഎസ് നാവികസേനയുടെ ഉപരോധം ഹോർമുസ് കടലിടുക്കിൽ തുടരുകയാണ്. ഇത് ഇറാന്റെ എണ്ണ കയറ്റുമതിയെയും സാമ്പത്തിക മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്ത നാല് മാസത്തേക്ക് കൂടി ഇറാനെ സാമ്പത്തികമായി തകർക്കാൻ ഈ നാവിക ഉപരോധം മാത്രം മതിയാകില്ലെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ലോകത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസിൽ നിന്നുള്ള വാർത്തകൾ നിർണായകമാണ്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്ത് തുടരുന്നത് ഓഹരി വിപണിയിലെ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ആഗോള തലത്തിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. തുടർച്ചയായ രണ്ടാം ആഴ്ചയും വിപണി നേട്ടത്തിലായിരുന്നെങ്കിലും, അവസാന ദിവസങ്ങളിലെ ഇടിവ് നേട്ടത്തിൻ്റെ മാറ്റു കുറച്ചു. സെൻസെക്സ് 516 പോയിന്റ് ഇടിഞ്ഞ് 77,328.19 ലും, നിഫ്റ്റി 150.5 പോയിന്റ് നഷ്ടത്തിൽ 24,176.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച ഫിനാൻഷ്യൽ ഓഹരികളിൽ വലിയ വിൽപന സമ്മർദ്ദം അനുഭവപ്പെട്ടു. ബാങ്ക് ഓഹരികൾ തകർന്നപ്പോൾ ടെക് ഓഹരികൾ വിപണിക്ക് താങ്ങായി. ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം 40 പോയിൻ്റോളം ഉയർന്നത് തിങ്കളാഴ്ച വിപണി പോസിറ്റീവായി തുടങ്ങുമെന്നതിൻ്റെ സൂചനയാണ് നൽകുന്നത്.