ഡൽഹി: യുഎസ് ഉപരോധമുള്ള പ്ലാന്റിൽ നിന്നുള്ള റഷ്യൻ എൽഎൻജി (LNG) സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഉറവിടം മറച്ചുവയ്ക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചുള്ള റഷ്യയുടെ നീക്കം പൊളിഞ്ഞതോടെ, ഗുജറാത്തിലേക്ക് പുറപ്പെട്ട കപ്പൽ സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി. അമേരിക്കൻ ഉപരോധമുള്ള റഷ്യയിലെ ബാൾട്ടിക് പോർട്ടോവായ (Portovaya) പ്ലാന്റിൽ നിന്നാണ് എൽഎൻജി നിറച്ചത്. ഗുജറാത്ത് തീരം ലക്ഷ്യമാക്കി വന്ന ഈ കപ്പലിനോട് ഇന്ത്യ പാതിവഴിയിൽ വെച്ച് ‘വേണ്ട’ എന്ന് പറയുകയായിരുന്നു.
ഇത് റഷ്യൻ എൽഎൻജി ആണെന്ന് മറച്ചുവയ്ക്കാനുള്ള വ്യാജ രേഖകൾ കപ്പലിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെയാണ് ചരക്ക് സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചത്. എൽഎൻജി വേണ്ടെന്ന് വെച്ചതിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് പ്രതിസന്ധിക്കിടെ, ഇന്ത്യയുമായി എൽഎൻജി വിൽപനയ്ക്ക് ദീർഘകാല കരാറുണ്ടാക്കാൻ റഷ്യ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. റഷ്യയിലെ പോർട്ടോവായ, ആർട്ടിക് എൽഎൻജി 2 തുടങ്ങിയ പ്ലാന്റുകളിൽ നിന്നുള്ള കയറ്റുമതിക്കാണ് പ്രധാനമായും യുഎസ് ഉപരോധമുള്ളത്.
ഉപരോധമില്ലാത്ത മറ്റു പ്ലാന്റുകളിൽ നിന്നുള്ള എൽഎൻജി വാങ്ങാൻ ഇന്ത്യൻ കമ്പനികൾ തയ്യാറാണ്. എന്നാൽ, ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങൾക്കും ചൈനയ്ക്കുമായാണ് റഷ്യ മാറ്റിവെച്ചിരിക്കുന്നത്. ഉപരോധമുള്ളതും ഇല്ലാത്തതുമായ റഷ്യൻ എൽഎൻജി ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ക്രൂഡ് ഓയിലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്ക കഴിഞ്ഞ മാർച്ചിൽ താൽക്കാലികമായി പിൻവലിച്ചിരുന്നു. ഈ ഇളവ് മുതലെടുത്ത് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുകയാണ്. എന്നാൽ മേയ് 16ന് ഈ ഇളവ് അവസാനിക്കും. എൽഎൻജിയുടെ കാര്യത്തിൽ ഒളിച്ചുകടത്തൽ പ്രായോഗികമല്ലാത്തത് റഷ്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യയുടെ ഊർജ്ജ കയറ്റുമതിയെ സാരമായി ബാധിച്ചേക്കാം.