മഡ്രിഡ്:
സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ സീസണിൽ പ്രധാന കിരീടങ്ങളെല്ലാം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും കയ്യാങ്കളിയും പുറത്തുവരുന്നത് ക്ലബ്ബിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കിലിയൻ എംബാപ്പെ, ആന്റോണിയോ റൂഡിഗർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെട്ട വിവാദങ്ങൾ ടീമിനെ വലിയ തകർച്ചയിലേക്കാണ് നയിക്കുന്നത്. കളിക്കളത്തിലെ ഒത്തിണക്കമില്ലായ്മ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ സഹതാരം അൽവാരെ കാറെറ്റോസിനെ ആന്റോണിയോ റൂഡിഗർ മർദ്ദിച്ചതാണ് ക്ലബ്ബിലെ ഏറ്റവും പുതിയ വിവാദം. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ലെഫ്റ്റ് ബാക്ക് അൽവാരെ കാറെറ്റോസിനാണ് റൂഡിഗറിൽ നിന്ന് അടിയേറ്റത്. രണ്ടാഴ്ച മുൻപ് നടന്ന ഈ സംഭവത്തിൽ റൂഡിഗർ പിന്നീട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബാപ്പെ പരിശീലക സംഘത്തോട് മോശമായി പെരുമാറിയതും റയലിന് തലവേദനയായി. പരിശീലന സമയത്ത് രൂക്ഷമായ തർക്കത്തിലേർപ്പെടുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതോടെ എംബാപ്പെയും ക്ലബ്ബും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരനിര ഉണ്ടായിട്ടും ഈ സീസണിൽ റയൽ മാഡ്രിഡിന് തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മോശം ഫോമിനെ തുടർന്ന് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കിയിരുന്നു. നിലവിൽ അൽവാരോ അർബെലോവയുടെ കീഴിലാണ് ടീം പരിശീലനം നടത്തുന്നത്. സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടത്തിൽ നിന്ന് ഏറെക്കുറെ പുറത്തായ റയൽ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതും ടീമിന് കനത്ത തിരിച്ചടിയായി. ടീമിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ റയലിന്റെ വരും സീസണുകളും പ്രതിസന്ധിയിലാകുമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.