ഗുജറാത്ത്: ഗുജറാത്തിലെ ഹൻസൽപൂർ പ്ലാന്റിൽ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ നാലാമത്തെ യൂണിറ്റിൽ നിന്നുള്ള വാണിജ്യ ഉൽപ്പാദനം ഔദ്യോഗികമായി ആരംഭിച്ചു. പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമായതോടെ ഈ ഒറ്റ കേന്ദ്രത്തിലെ വാർഷിക ഉൽപ്പാദന ശേഷി 10 ലക്ഷം യൂണിറ്റായി ഉയർന്നു. ഒരൊറ്റ സ്ഥലത്ത് ഇത്രയധികം വാഹനങ്ങൾ നിർമ്മിക്കുന്ന ആഗോളതലത്തിലെ ആദ്യ സുസുക്കി പ്ലാന്റായും, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമായും ഹൻസൽപൂർ ഇതിലൂടെ മാറി.
വാർഷികാടിസ്ഥാനത്തിൽ 250,000 യൂണിറ്റ് ശേഷിയുള്ളതാണ് പുതിയ നാലാമത്തെ പ്ലാന്റ്. ഏകദേശം 3,900 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ പുതിയ കേന്ദ്രത്തിൽ കമ്പനിയുടെ അഭിമാനകരമായ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’യുടെ നിർമ്മാണമാണ് നടക്കുക. ഇതോടെ ഹൻസൽപൂരിലെ ആകെ നിക്ഷേപം 25,288.7 കോടി രൂപയായി ഉയർന്നു. ബലേനോ, ഫ്രോങ്ക്സ്, സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപ്പാദനവും ഇവിടെ സജീവമാകും.
ഹൻസൽപൂർ പ്ലാന്റിന്റെ പുതിയ മുന്നേറ്റത്തോടെ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആകെ വാർഷിക ഉൽപ്പാദന ശേഷി 29 ലക്ഷം യൂണിറ്റിലെത്തി. നിലവിൽ ഹൻസൽപൂരിന് പുറമെ മനേസർ (9 ലക്ഷം യൂണിറ്റ്), ഗുരുഗ്രാം (5 ലക്ഷം യൂണിറ്റ്), ഖാർഖോഡ (5 ലക്ഷം യൂണിറ്റ്) എന്നീ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും പുതിയ പ്ലാന്റ് ഏറെ സഹായിക്കുമെന്ന് മാരുതി സുസുക്കി എം.ഡിയും സി.ഇ.ഒയുമായ ഹിസാഷി ടകേച്ചി വ്യക്തമാക്കി. ഇന്ത്യയിൽ പ്രതിവർഷം 40 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തിലേക്ക് ഹൻസൽപൂറും വരാനിരിക്കുന്ന സാനന്ദ് പ്ലാന്റും കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.