മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള പരിഹാരമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിൻ അറിയിച്ചു.
വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാശ്വതമായ സമാധാനത്തിനുള്ള ധാരണയിൽ എത്തുകയാണെങ്കിൽ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് താൻ ഒരുക്കമാണെന്ന് പുടിൻ വ്യക്തമാക്കി. യുക്രൈനെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഉപരോധങ്ങളിലൂടെയും യുദ്ധത്തിലൂടെയും റഷ്യ തകരുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രതീക്ഷകൾ അസ്ഥാനത്തായെന്നും പുടിൻ കൂട്ടിച്ചേർത്തു.
സമാധാന ചർച്ചകളിൽ യൂറോപ്യൻ നേതാക്കളുടെ മധ്യസ്ഥത ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മുൻ ജർമൻ ചാൻസലർ ഗെഹാർഡ് ഷ്രോഡർ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതിനോടാണ് തനിക്ക് താല്പര്യമെന്ന് പുടിൻ പറഞ്ഞു. കൂടാതെ റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ഈ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനത്തിന് നാന്ദി കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.