തിരുവനന്തപുരം: 2025-ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ പ്രതിഭകളെ ആദരിക്കുന്ന ഈ വർഷത്തെ പുരസ്കാരങ്ങളിൽ ‘തുടരും’, ‘ഹൃദയപൂർവ്വം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശനും അനശ്വര രാജനും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ ആണ് മികച്ച ചിത്രം.
സംസ്ഥാന അവാർഡുകൾ കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. ഈ വർഷം 60 ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം രേഖാചിത്രം (സംവിധാനം ജോഫിൻ ടി. ചാക്കോ, നിർമ്മാണം വേണു കുന്നപ്പിള്ളി) ആണ്.
മറ്റ് പ്രധാന പുരസ്കാരങ്ങൾ ഇവയാണ് മികച്ച രണ്ടാമത്തെ നടൻ പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റൗണ്ട്), മികച്ച രണ്ടാമത്തെ നടി ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ഡി’ സത്യത്തിന്റെ പ്രതിഫലം), മികച്ച സംവിധായകൻ ദിൻജിത്ത് അയ്യത്താൻ (എക്കോ), മികച്ച തിരക്കഥ രാജേഷ് തില്ലങ്കേരി (എ പ്രെഗ്നന്റ് വിഡോ / ഗർഭിണിയായ വിധവ). കൂടാതെ മികച്ച കഥ ജി.ആർ. ഇന്ദുഗോപൻ (പൊൻമാൻ), മികച്ച സംഗീത സംവിധായകൻ ജേക്സ് ബിജോയ് (നരിവേട്ട, ലോക ചാപ്റ്റർ 1 ചന്ദ്ര), മികച്ച ഗാനരചയിതാവ് മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ), മുരളി നീലാംബരി (വടു) എന്നിവരെയും പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തു.