കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ കേസിൽ മൂന്ന് യുവതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ടോയ്സി സിന്ധു, മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന മോഡലായ അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് അറസ്റ്റിലായത്.
23 കാരിയായ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലറിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
മോഡലിങ്ങിന്റെ മറവിൽ പരാതിക്കാരിയെ വിദേശത്ത് എത്തിച്ച് പലർക്കും കൈമാറിയെന്നാണ് പരാതി. പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ വൻ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അലീനയാണ് മോഡലുകളെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനേ ദുബായിൽ എത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് അലീന പരസ്യം ചെയ്തു. കഴിഞ്ഞ നവംബറിലെ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും അലീന പ്രതിയാണ്. അറസ്റ്റിലായ സിന്ധുവും യുവതികളെ ദുബായിലെത്തിച്ചിട്ടുണ്ട്. യുവതികൾ നേരിട്ടത് ക്രൂരപീഡനമാണെന്നും പൊലീസ് പറഞ്ഞു. ലഹരി നൽകി മയക്കി നഗ്ന ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലർക്കും കാഴ്ച വെക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങളും പ്രതികൾ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ദുബായിലുള്ള രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.