ഡൽഹി:
കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ പാർട്ടിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചതിൽ വി.ഡി സതീശൻ ക്യാമ്പിന് കടുത്ത അതൃപ്തിയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുന്നതിനിടെ കെ.സി വേണുഗോപാലിന് അനുകൂലമായി പ്രവർത്തിച്ചവരുമായി എഐസിസി ചർച്ച നടത്തുന്നത് അപഹാസ്യമാണെന്നാണ് സതീശൻ വിഭാഗത്തിന്റെ നിലപാട്. അതേസമയം, നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വി.ഡി സതീശനായി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന സമാന്തര പ്രചാരണങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ക്യാമ്പും പരാതി ഉന്നയിച്ചിട്ടുണ്ട്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലാണ്. അതിനാൽ സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിലപാടുകളാകും ഇനി നിർണ്ണായകമാകുക. വി.ഡി സതീശനും കെ.സി വേണുഗോപാലിനും പുറമെ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്കില്ലെന്ന് അറിയിച്ചു. സംസ്ഥാനത്തെ നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരം വിലയിരുത്താൻ എഐസിസി മൂന്ന് രഹസ്യ നിരീക്ഷകരെ കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. കെ. സുധാകരൻ കണ്ണൂരിൽ തനിക്ക് അനുകൂലമായ ഗ്രൂപ്പ് നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ കാരണം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ട്.