ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എം. സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ.സി. വേണുഗോപാലിനാണ് സാധ്യത കൽപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ. എത്രയും പെട്ടെന്ന് കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നും വി.എം. സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെക്കൂടി ഉൾപ്പെടുത്തി മുഖ്യമന്ത്രി ചർച്ചകൾ വിപുലമാക്കാൻ നേതൃത്വം തീരുമാനിച്ചത്. ഹൈക്കമാൻഡിന്റെ അപ്രതീക്ഷിതമായ വിളിയിൽ അത്ഭുതം ഉണ്ടെന്നും ഹൈക്കമാൻഡ് ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുമെന്നും വി.എം. സുധീരൻ വ്യക്തമാക്കി. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണിതെന്നും, ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഭരിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.