കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസ് അവരുടെ സ്ഥാപക മുദ്രാവാക്യമായ ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന ആശയത്തെ വഞ്ചിച്ചുവെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ ബംഗാളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “‘അമ്മ’ കരയുകയാണ്, ‘മണ്ണ്’ ഇപ്പോൾ നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലാണ്, ‘മനുഷ്യൻ’ ഭയന്നു ജീവിക്കുന്നു,” മോദി അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിൽ ഒരു കാലത്ത് മുൻപന്തിയിലായിരുന്ന ബംഗാളിനെ പതിനഞ്ച് വർഷത്തെ ഭരണം കൊണ്ട് തൃണമൂൽ സർക്കാർ തരംതാഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ നിയമവാഴ്ചയില്ലായ്മയെക്കുറിച്ച് കടുത്ത ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.
വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, നേതാക്കളുടെ പങ്ക്, ഗുണ്ടകൾക്ക് സംരക്ഷണം എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് 4-ന് ശേഷം ബംഗാളിലെ സ്ഥിതിഗതികൾ മാറുമെന്നും തൃണമൂൽ കോൺഗ്രസിലെ ഓരോ ഗുണ്ടയുടെയും അഴിമതിക്കാരന്റെയും കൃത്യമായ കണക്കെടുക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി. ഇത്തവണത്തെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.