മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ചരക്കുലോറിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി രംഗത്ത്. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അദ്ദേഹം കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമർഖേഡിൽ വെച്ചാണ് സംഭവം നടന്നത്. കിലോമീറ്ററുകളോളം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിസംഘം ലോറി തടയുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം ലോറി ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ചു. മംഗളൂരു സ്വദേശിയായ ഡ്രൈവർ ആൽവിൻ പയസിനും സഹായി മുഹമ്മദ് നദാഫിനുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും മുഖത്തും വെട്ടേറ്റ ഇവരെ വഴിയിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
സംസ്ഥാനത്തെ ഹൈവേകളിൽ ആയുധധാരികളായ ഗുണ്ടാസംഘങ്ങൾ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ ഉടൻ പിടികൂടി നിയമനടപടി സ്വീകരിക്കണം. പരിക്കേറ്റ ജീവനക്കാർക്ക് ചികിത്സാസൗകര്യവും സാമ്പത്തിക സഹായവും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.